"ഇങ്ങൾക്ക് ഇച്ചിരി മെല്ലെ ചവച്ചൂടെ, ഒന്നിച്ച് ഇരുന്ന് കഴിക്കുന്നതല്ലേ "
"എവിടെയും പോകാൻ ഒന്നും ഇല്ലല്ലോ, എന്തിനാ ഇത്ര തിരക്ക് "
വിശന്നു വന്ന്, ചോറിന് മുന്നിൽ ഇരുന്ന അയാൾ ആർത്തിയോടെ കഴിച്ചു. ഇത്രയൊക്കെ ബഹളത്തിനിടയിലും, ചെറുതായൊന്നു ചുമച്ചത് അല്ലാതെ അയാൾ വേറെ ശബ്ദം ഒന്നും ഉണ്ടാക്കിയില്ല.
ഇത്, പിരിശി തറവാട്ടിലെ ബാക്കിയായ കണ്ണിയിലെ, തലമൂത്ത കാരണവർ.
മൂപ്പ് പ്രയത്തിലെ ഉള്ളൂ. ഇന്നും നല്ല ചുറുചുറുക്ക്, ശുഷ്‌കാന്തി, ഓടി നടന്ന് എല്ലാം ചെയ്യും.. ഇന്നും ആ വീട്ടിലേക്ക് നല്ലൊരു വിഹിതം കൊണ്ട് കൊടുക്കുന്നത് അവർ തന്നെയാണ്.
മക്കൾ ഒക്കെ വലുതായി.
കൊത്തിപിരിയാൻ സമയം ആയെന്ന് തോന്നുന്നു.
തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറവായി,
കളിയാക്കൽ ആയി.
ഞാൻ എണീച്ചു നടക്കുന്നത് കൊണ്ടല്ലേ എനിക്ക് ഇവിടുന്ന് ചോറ് കിട്ടുന്നത് എന്ന് വരെ അയാൾക്ക് തോന്നിയിട്ടുണ്ട്.
ഭർത്താവിന് വയസ്സ് ആയത് കൊണ്ടോ
മക്കൾ ഒക്കെ ഭർത്താവിനെക്കാൾ കൊണ്ട് കൊടുക്കുന്നത് കൊണ്ടോ എന്തോ... ഭാര്യക്ക് ഇപ്പോ ഞാൻ ഒരു കുറച്ചിൽ ആയ പോലെ..
ഇനി മക്കൾ കൂടെ ചേർന്ന് എന്നെ പുറത്ത് ചാടിക്കാൻ ആണോ..
ചിന്തിക്കുമ്പോൾ തന്നെ,
അയാളുടെ മനസ്സ് പിടയുന്നുണ്ടായിരുന്നു.
കണ്ണ് നിറയുന്നുണ്ടായിരുന്നു.
അയാളുടെ വിശപ്പ് താൽക്കാലത്തേക്ക് അയാളെ പിരിഞ്ഞു പോയി.
ഒന്നും വേണ്ടാത്തവനായി അയാൾ എഴുന്നേറ്റു. പ്ലേറ്റ് കഴുകി, റാക്കിൽ വെച്ചു. ഊണ് കഴിഞ്ഞു, വീട്ടിൽ ഇരുന്ന് അല്പം സംസാരിച്ചിരിക്കുന്ന പതിവ് പണ്ടുണ്ടായിരുന്നു... ഇടക്കാലത്ത് അയാൾ അതും, നിർത്തി.
തനിയെ, ഇരുന്ന് അയാൾ എന്ത് പറയാൻ.
മക്കൾ ഒക്കെ മക്കളെ മക്കളെ കൂടെ റൂമിൽ കയറി കൂടും. ഭാര്യ ബാക്കിയുള്ള പാത്രങ്ങൾ കഴുകിയോ, ഏതെങ്കിലും കുഞ്ഞിനെ ഒക്കത്ത് ഇരുത്തിയോ സമയം കളയുന്നത് കാണുമ്പോൾ അയാൾക്ക് അയാൾ ഒറ്റപ്പെട്ട പോലെ തോന്നും...
അയാൾ ഇടുന്ന ഷർട്ടിന്റെ ചുളിവും, തുണിയുടെ കളറും, നമ്പർ മാഞ്ഞു പോയ ഫോണും, നരച്ച കോളറും, തയഞ്ഞ റബ്ബർ ചെരിപ്പും ഒക്കെ അവർ ചർച്ച ചെയ്യും. പഴഞ്ചൻ അച്ഛൻ, എന്ന് അവർ പറയാതെ പറയും.
ഇതൊക്കെ കേട്ട്, കണ്ണീരോടെ അയാൾ പഴയ കാലം ഓർക്കും. കടം വാങ്ങി ഫീ അടച്ചു പഠിപ്പിക്കാൻ വിട്ടതൊക്കെ അയാളുടെ മനസ്സിൽ തെളിയും.
മുണ്ട് മുടുക്കി ഉടുത്ത്, നന്നേ പൈസ കുറച്ചുപയോഗിച്ചു ജീവിച്ചത് ഇവർക്ക് വേണ്ടി തന്നെ ആയിരുന്നു. അതിന്റെ ഇടയിൽ, ലാളിത്യം അയാളുടെ ശീലം ആയി. ബർഗർ, കുബൂസ്, കബാബ്, പിസ്സ, ഷവായി, ഷാവോമി ഒക്കെ തന്റെ അടുത്ത് എത്തിയിട്ടും അയാൾക്ക് ശീലങ്ങളിൽ നിന്ന് മാറാൻ സാധിച്ചില്ല. മാറ്റാൻ കഴിയാത്ത ശീലങ്ങൾ കൊണ്ട് അയാൾ ഇന്ന് മാറ്റി നിർത്തപ്പെടുകയാണ്.
ഒന്നിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചിട്ട് തന്നെ കുറേ കാലം ആയി.
ഭാര്യ തന്നെ തന്റെ, ഭക്ഷണശീലം മോശമായി കണ്ടു തുടങ്ങി.അന്ന് എന്റെ കൂടെ ഇരുന്ന്, ഞാൻ ഉരുട്ടിയ ഉരുളകൾ ആർത്തിയോടെ കഴിച്ചിരുന്നവൾ ഇന്ന്... ഞാൻ അന്നും ഇന്നും ഒരു ഒരു മാറ്റവും ഇല്ലാതിരിക്കെ... എന്നോട് എന്തിനാ ഇവളും ഇങ്ങനെ... ചിന്തകൾ തുരു തുരെ കണ്ണീരായി മാറി.
താൻ ചവയ്ക്കുന്നത്, ഉച്ചത്തിൽ ആണെന്ന് ഭാര്യ പ്രഖ്യാപിച്ച അന്ന് രാത്രിയാണ്, അയാളെ മനം മടുപ്പിച്ച സംഭവം ഉണ്ടായത്. പതിവുപോലെ,ഭക്ഷണം ടേബിളിൽ ഹാജർ ആയി . എല്ലാവരും ഇരുന്നതിന് ശേഷം ആണ് അന്നും കാരണവർ എത്തിയത്. അപ്പോഴേക്കും, മക്കൾ ഒക്കെ തിന്നാൻ തുടങ്ങിയിരുന്നു. അയാൾ ഇരുന്നു. കഴിക്കാൻ തുടങ്ങി. മക്കൾ ഒന്നും പറയുന്നൊന്നും ഇല്ല. ഭാര്യ അയാളെ തുറിച്ചു നോക്കുന്ന പോലെ അയാൾക്ക് തോന്നി. തോന്നൽ ആണെന്ന് കരുതി അയാൾ സമാധാനം കണ്ടെത്തി. ഇടയ്ക്ക് ഇപ്പോഴോ മുറു മുറുപ്പ് കേട്ടു, കേട്ട ഭാഗത്തേക്ക് അയാൾ തിരിഞ്ഞു നോക്കി. ഇളയ മകൻ ചെവിയിൽ വിരൽ തിരുകിയിട്ടുണ്ട്. വല്ല ചെപ്പിയും കളയാൻ ആവും എന്ന് കരുതി അയാൾ, തീറ്റ തുടർന്നു. മൂത്ത മകന്റെ രണ്ടാമത്തെ കുട്ടി, അയാളെ നോക്കി ചിരിക്കുന്നുണ്ട്. കവിളിൽ വെള്ളം നിറച്ച് ചിരിക്കാൻ ശ്രമിക്കുന്ന രംഗം അയാൾ ആസ്വദിച്ചു നിന്നു..
അവന്റെ അടുത്ത് ഇരിക്കുന്ന തന്റെ മകളും കാറ്റ് കയറുന്നത് തടയാൻ എന്ന പോലെ ചെവി പൊത്തിപിടിക്കുന്നുണ്ട്.
അയാൾ എല്ലാവരെയും മാറി മാറി നോക്കി.
കുട്ടികൾ ഒഴികെ, മുതിർന്ന എന്റെ മൂന്ന് മക്കളുടെയും ചെവികൾ അടച്ചിട്ടുണ്ട്. ഭാര്യ താടിക്കോ തലയിലോ ചെവിയിലോ എന്ന് തിരിയാത്ത വിധത്തിൽ കൈ വെച്ചിട്ടുണ്ട്.
ചെവി അടപ്പിക്കുന്ന എന്തോ കേൾക്കാൻ കഴിയാത്ത പോലെ..
അല്ലെങ്കിലും, ചെറിയ മക്കൾ അല്ലേ,.
സ്നേഹം, സഹിഷ്ണുത ഒക്കെ
കളങ്കമില്ലാതെ കാണിക്കുന്നത്..
"അതേ, എന്റെ മക്കൾ ഒക്കെ
വളർന്നിരിക്കുന്നു, ഞാൻ വിചാരിച്ചതിലും അധികം..അവൾക്കും എന്നെ മടുത്തോ, മടുപ്പിക്കുന്നത് എന്റെ സ്നേഹം ആണോ,അതോ ശരീരമോ .."
അതിന് ശേഷം അയാൾ, മനപ്പൂർവം വൈകി മാത്രമേ വീട്ടിൽ കയറിയിരിന്നുള്ളൂ.
ഒറ്റയ്ക്കിരുന്ന് ഉണ്ണാൻ വേണ്ടി മാത്രം...!!
**വാൽകഷ്ണം ::
അമ്മച്ചി എന്നും അപ്പച്ചനോട് പറയും, മക്കളുടെ മുന്നിൽ വെച്ച് തന്നെ :
"മക്കളോട് ഒരു മയത്തിൽ ഒക്കെ പറയണേ,അവർ വലുതായി, നമ്മളത്ര
നീളവും വണ്ണവും ആയി, കയ്ക്കൊക്കെ നല്ല ഉഷാർ ആയി,അടി ആയി അവരെ അടി വാങ്ങാൻ നിൽക്കല്ലേ "
ഇത് തന്നെ, ഏറെ നാൾ കേട്ട മക്കളും കരുതി,
അപ്പച്ചനെ തല്ലാൻ ഉള്ളത് തന്നെയാണെന്ന്.
അങ്ങനെ ഒരു ഇടർച്ചയിൽ, അയൽക്കും കിട്ടി മക്കളുടെ അടി, ഭാര്യ പറഞ്ഞ പോലെ തന്നെ!
#family
#generationgap
#change
#lovestory